Saturday, September 22, 2012

ചെവി


ആൾതാമസമില്ലാത്ത
ചാരനിറമുള്ള കെട്ടിടങ്ങൾ പോലെ
വാക്കുകളും രാഗങ്ങളും.
വാക്കുകളിൽ നിന്ന്
അനുഭൂതിയും
രാഗങ്ങളിൽ നിന്ന്
സംഗീതവും
താമസം മാറിയിട്ട്‌
കാലമേറെയായി.

എന്നിട്ടും, പഴയ ശീലങ്ങളിൽ
മുടന്തിനടക്കുന്ന ഒരു
വയസ്സൻ കോൺട്രാക്റ്ററെപ്പോലെ
ഇഷ്ടികകളുടെയും
തറവിസ്തൃതിയുടെയുമെല്ലാം കണക്കുകൾ
മന:പാഠമാണ്‌.

ചാന്ദ്രികം




ഒരു കറുത്ത നക്ഷത്രം,
വെറി പിടിച്ച, പിടിവാശിക്കാരനായ
ഒരു കുട്ടിയെപ്പോലെ
'ഐസ്ക്രീം....
ഐസ്ക്രീം' എന്ന് കരഞ്ഞുകൊണ്ടേയിരിക്കും.
പൊറുതിമുട്ടിയ
തള്ളനക്ഷത്രങ്ങൾ
അപ്പോൾ,
പൊട്ടിപ്പോയ,
വക്കുമാത്രമായി മാറിയ
ആ കപ്പിൽ
ഒരു സ്കൂപ്പ്‌ ഐസ്ക്രീം
വച്ചു കൊടുക്കും.
അത്‌ കാണേണ്ട താമസം,
കുട്ടി അത്‌ നക്കി നുണയാൻ തുടങ്ങും.
കഴിഞ്ഞാൽ പിന്നെയും
കരച്ചിലായി 'ഐസ്ക്രീം...
ഐസ്ക്രീം...' എന്നു പറഞ്ഞ്‌.