Sunday, January 8, 2012

ഒന്ന്‌, ഒന്നുകൾ മാത്രം

ഇടനാഴിയിൽ,
ഒരു ബെഞ്ചിൽ
ഏഴ്‌,
അഞ്ചിനോടു പറഞ്ഞു:
കുറച്ചങ്ങോട്ടു
നീങ്ങിയിരിക്കൂ;
വല്ലാത്ത ഉഷ്ണം.

അല്ലെങ്കിൽത്തന്നെ
നമ്മളിങ്ങനെ
ചേർന്നിരുന്നാൽ
ആളുകളെന്താണ്‌
വിചാരിക്കുക?
നമ്മളൊരുമിച്ച്‌,
എഴുപത്തഞ്ചെന്നല്ലേ
കരുതൂ?

എന്നിട്ടും,
ഉഷ്ണം ശമിക്കാതെ
ഏഴ്‌.

കുറച്ചു കഴിഞ്ഞപ്പോൾ
ഏഴിലെ,
ഏഴ്‌
ഒന്നുകളും
ഞാനൊന്ന്
നടന്നിട്ടു വരാം
എന്നു പറഞ്ഞ്‌
വീശിക്കൊണ്ട്‌
തലങ്ങും
വിലങ്ങും
നടക്കാൻ തുടങ്ങി.

ഏതാണ്ടിതു
തന്നെയായിരുന്നു
അഞ്ചിന്റെയും
അവസ്ഥ.

ഏഴിലെ ഏഴ്‌
ഒന്നുകളും
അഞ്ചിലെ അഞ്ച്‌
ഒന്നുകളും
പരസ്പരം
ഇടകലര്ർന്നും
പിരിഞ്ഞും
നടന്നു,
തലങ്ങും വിലങ്ങും.

ഉഷ്ണമൊന്ന്
ശമിച്ചപ്പോഴോ,
ആരാണ്‌
ഏഴിലേതെന്നും
ആരാണ്‌
അഞ്ചിലേതെന്നും
തിരിച്ചറിയാതെ
അവർ കുഴങ്ങി.

പിന്നെ,
അവർ
അവിടെനിന്നും
ഇറങ്ങി,
പല വഴിക്കും
പിരിഞ്ഞുപോയി.

No comments: