Sunday, November 14, 2010

വയലൻസും അധികാരവും

എന്താണ്‌ വയലൻസ്‌? ആധുനിക ലോകക്രമത്തിൽ ഓരോ വ്യക്തിക്കും സ്വതന്ത്രമായും (ഇതു വളരെ ആപേക്ഷികമാണ്‌) ഭയരഹിതമായും ജീവിക്കാനുള്ള അവസ്ഥ ഉണ്ടെന്നാണ്‌ നമ്മൾ വിശ്വസിക്കുന്നത്‌. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം എടുത്തുകളയാനും അയാളിൽ ഭയം ജനിപ്പിക്കാനും (അല്ലെങ്കിൽ കൊന്നുകളയാൻ തന്നെ) മറ്റൊരു വ്യക്തിയ്ക്കോ അല്ലെങ്കിൽ കുറെ പേർക്കോ അതുമല്ലെങ്കിൽ സ്റ്റേറ്റിനോ കഴിയുന്ന അവസ്ഥയാണ്‌ വയലൻസ്‌ എന്നു എനിക്കു തോന്നുന്നു. ആ അർത്ഥത്തിൽ വയലൻസ്‌ അധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങിനെ അധികാരത്തോടുള്ള ആസക്തിയുമായും വയലൻസ്‌ ബന്ധപ്പെട്ടു കിടക്കുന്നു.

ഒരു കുഞ്ഞിന്റെ വളർച്ചയിൽ അവൻ/അവൾ നിരന്തരം കടന്നു പോകുന്നത്‌ ഒരുപാട്‌ അധികാര ഘടനകളിൽ കൂടിയാണ്‌. മാതാപിതാക്കളുടെയും മുതിർന്നവരുടെയും അധ്യാപകരുടെയും പോലീസിന്റെയുമെല്ലാം. ഇതിന്റെ ഫലമായി ആ വ്യക്തിയിൽ ഉരുവപ്പെട്ടുവരുന്ന നിസ്സഹായതയും രോഷവുമെല്ലാം അയാളിൽ ഒരു dormant state-ൽ അടിഞ്ഞുകൂടുന്നുണ്ട്‌. ഇങ്ങിനെ, വയലൻസിന്റെ ഇരകളായ നമ്മളോരോരുത്തരും സാഹചര്യങ്ങളൂടെ ഉദ്ദീപനത്താൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവ്വതങ്ങളായാണ്‌ ജീവിച്ചുപോരുന്നത്‌. ഒരേ സമയം ഇരയും വേട്ടക്കാരനും ആയിരിക്കുന്ന അവസ്ഥ അഥവാ എപ്പോൾ വേണമെങ്കിലും ഒരു വേട്ടക്കാരനായി രൂപം മാറാവുന്ന ഒരു ഇര. ഇങ്ങിനെ വയലൻസ്‌ നമ്മളിൽത്തന്നെ അന്തർലീനമായിരിക്കുകയും, അതിന്റെ മറുപാതിയായ അധികാരം നമ്മെ എപ്പോഴും മോഹപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

നമ്മളിലെ ശാന്തനും കാരുണ്യവാനുമായ ഒരാളെ കീഴ്പ്പെടുത്തി പുറത്തു ചാടാൻ വെമ്പുന്ന അക്രമവാസനയുള്ള മറ്റൊരാൾ നമ്മളിൽത്തന്നെയുണ്ട്‌. ഒരു ക്രിമിനലും എപ്പോഴും ഒരു ക്രിമിനൽ ആവണമെന്നില്ല എന്നതുപോലെ ഒരു ശാന്തനും എപ്പോഴും അങ്ങിനെ തന്നെ ആയിരിക്കണമെന്നില്ല. ഒരാളുടെ ഒരുവശം മാത്രം നമ്മൾ കാണുമ്പോൾ അയാളുടെ മറ്റു വശങ്ങൾ dormant ആയി നമ്മുടെ കാഴ്ചയിൽ വരാതെയിരിക്കുന്നു. ഒരു വിധേയനിൽ ഒരു അധിപതിയും, ഒരു സ്നേഹവാനിൽ ഒരു ക്രൂരനും, ഒരു വിനീതനിൽ ഒരു ധാർഷ്ട്യവാനും ഒക്കെ ഒളിച്ചിരിക്കുന്നു. പ്രകോപിതരാവുമ്പോഴോ അവസരം ഒത്തുവരുമ്പോഴോ മാത്രം അവർ പുറത്തുചാടുന്നു.

എന്തുകൊണ്ടായിരിക്കാം ഒരാൾ അയാളുടെ ഹീനതലങ്ങളെയെല്ലാം വളരെ വിദഗ്ദമായി മറച്ചുവെച്ചുകൊണ്ട്‌ സമൂഹത്തിന്‌ സ്വീകാര്യനായി ജീവിക്കുന്നത്‌? കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹം എന്നിങ്ങനെയുള്ള അയാളുടെ ജീവിത സാഹചര്യങ്ങളിൽനിന്നും അവയുടെ സുരക്ഷിതത്വങ്ങളിൽനിന്നും അയാൾ ബഹിഷ്കൃതനാവും എന്നതുകൊണ്ടായിരിക്കണം അത്‌. അത്‌ അയാളെ പേടിപ്പിക്കുന്നു. അങ്ങിനെ അയാൾ അടുത്ത തലമുറയിലേയ്ക്കും അതേ വയലൻസും അധികാരവും സംക്രമിപ്പിച്ചുകൊണ്ട്‌ അതിന്റെ ഒരു വിഷമവൃത്തത്തിലേയ്ക്ക്‌ സ്വയം അകപ്പെടുന്നു.

നമ്മൾ ഇന്നു ജീവിക്കുന്ന, പരിഷ്കൃത സമൂഹമെന്നു നമ്മൾ വിളിക്കുന്ന, ഈ ലോകത്തിന്റെ ഒരു അനിവാര്യതയാണ്‌ വയലൻസും അധികാരവും എന്നു വരുമോ? കുട്ടികൾക്ക്‌ സ്വതന്ത്രരും ഭയരഹിതരും ആയി വളരാൻ പറ്റാത്ത ഒരു സമൂഹവും അതിന്റെ സ്ഥാപനങ്ങളും വ്യവസ്ഥകളും ആണ്‌ നമ്മുടേതെന്നെ വരുമോ?